രൂക്ഷമായി ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിൽ മരണം 60 കടന്നു
ന്യൂയോർക്ക്: ശീത കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കാറ്റിൽ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 60 കടന്നു. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്‍റീമീറ്റർ ഹിമപാതം ഉണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകൾഭാഗം ആറടി ഉയരത്തിൽ മഞ്ഞു പൊതിഞ്ഞ നിലയിലാണ്.
ബഫലോയിൽ മാത്രം 27 പേരാണ് മരിച്ചത്. ഏതാനും പേരെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവിടെ 18 അടി ഉയരമുള്ള മഞ്ഞുമൂടിക്കിടക്കുന്ന ഒരു വൈദ്യുതി സബ് സ്റ്റേഷൻ പൂട്ടി. മണിക്കൂറിൽ 64 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന ശീതക്കൊടുങ്കാറ്റു കാരണം ഞായറാഴ്ച മാത്രം യുഎസിൽ 1,707 ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകൾ റദ്ദാക്കി. യുഎസിലെ വീടുകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ആയിരക്കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി.
ജപ്പാനിൽ അതിശൈത്യം മൂലം 17 പേർ മരിച്ചു. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് കരുതുന്നത്. ഹിമപാതത്തിൽ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു. വീടിന്‍റെ മേൽക്കൂരയിൽ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ അപകടങ്ങളാണ് മിക്ക മരണങ്ങൾക്കും കാരണമായത്. വടക്കുകിഴക്കൻ ജപ്പാന്‍റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച മൂന്നിരട്ടിയായി.