യുഎഇയിൽ വിസ മാറാനാവാതെ വലഞ്ഞ് പ്രവാസികൾ; ഒമാനിലേക്ക് ആയിരങ്ങൾ
മസ്കത്ത്: യുഎഇയിൽ വിസ മാറാനുള്ള സൗകര്യം നിർത്തലാക്കിയതോടെ പ്രവാസികൾ പുതിയ വിസയ്ക്കായി നെട്ടോട്ടമോടുകയാണ്. കാറിലും ബസിലും വിമാനത്തിലുമായി ഒമാനിലെത്തി പുതിയ വിസയുമായി മടങ്ങാനാണ് ശ്രമം. എന്നാൽ തിരക്ക് കാരണം ഒമാൻ വഴിയുള്ള റോഡ് ഗതാഗതം താറുമാറായി. വിമാനത്തിൽ യാത്ര ചെയ്യാൻ കൂടുതൽ പണം നൽകേണ്ടി വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ ഇന്ത്യയിലേക്ക് പോകാൻ കഴിയാത്ത സാഹചര്യവുമുണ്ട്. കഴിഞ്ഞയാഴ്ച, രാജ്യത്തിനകത്ത് നിന്ന് വിസ മാറാനുള്ള സൗകര്യം യുഎഇ നിർത്തലാക്കിയിരുന്നു. വിസ മാറാൻ രാജ്യം വിടണമെന്ന നിബന്ധന യുഎഇയിൽ മുൻപ് ഉണ്ടായിരുന്നെങ്കിലും കൊവിഡ് കാലത്ത് ഇളവുണ്ടായിരുന്നു. ഈ ഇളവ് ഇപ്പോൾ ഒഴിവാക്കി. ഇതോടെ കാലാവധി കഴിഞ്ഞ എല്ലാ സന്ദർശക വിസ ഉടമകളും റെസിഡൻസ് വിസ ഉടമകളും എക്സിറ്റ് അടിച്ചശേഷം തിരിച്ച് വരണം.
ആയിരക്കണക്കിനാളുകളുടെ വിസയാണ് ഓരോ ദിവസവും അവസാനിക്കുന്നത്. ഇവരെല്ലാവരും ഒമാൻ അതിർത്തിയിലേക്ക് എത്തിയതിനാൽ അവശ്യ വാഹനങ്ങൾക്ക് മാത്രമേ അതിർത്തിയിലൂടെ കടന്നുപോകാൻ അനുവാദമുള്ളൂ. സർക്കാർ അംഗീകൃത ബസുകൾക്ക് മാത്രമേ അതിർത്തിയിലൂടെ കടന്നുപോകാൻ അനുവാദമുള്ളൂ. ഇതോടെയാണ് യാത്രക്കാർ വിമാനമാർഗം ഒമാനിൽ എത്തിത്തുടങ്ങിയത്. വിസയും ടിക്കറ്റും ഉൾപ്പെടെ 1400 ദിർഹത്തിന് മുകളിലാണ് പാക്കേജിന്‍റെ വില. ഒമാനിൽ എത്തിയ ശേഷം വിസയെടുത്ത് മടങ്ങും. എന്നിരുന്നാലും, ചിലരുടെ വിസകൾ വൈകുന്നു. വിസ ലഭിക്കുന്നതുവരെ ഒമാനിലെ വിമാനത്താവളത്തിൽ തങ്ങേണ്ട അവസ്ഥയുണ്ട്. മിക്ക വിസകളും നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ശരിയാകാറുണ്ടെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. സീസൺ സമയമായതിനാൽ ആയിരക്കണക്കിന് ആളുകളാണ് യുഎഇയിൽ സന്ദർശക വിസയിൽ കഴിയുന്നത്. യഥാസമയം വിസ പുതുക്കാൻ കഴിയാത്തതിനാൽ പലരും പിഴയടയ്ക്കാൻ നിർബന്ധിതരാകുന്നു.