പ്രശ്നം ഗുരുതരം; ഉത്തരം മുട്ടി സിപിഎം നേതൃത്വം
തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ പരാതിയിൽ സി.പി.എമ്മിന്റെ തീരുമാനം വൈകില്ല. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണം സംബന്ധിച്ച് തീരുമാനമുണ്ടാകും. ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യം പാർട്ടി പരിഗണിക്കുന്നുണ്ട്. പിബി യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം.
വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. മുതിർന്ന നേതാക്കൾ ഇരുനേതാക്കളുമായും ആശയവിനിമയം നടത്തുന്നുണ്ട്. രണ്ടു ജയരാജന്മാർക്കും എതിരെയുള്ള ആരോപണങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്യുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. എന്നാൽ തിരുത്തൽ രേഖ ചർച്ച ചെയ്യുന്ന പശ്ചാത്തലത്തിൽ ഉയർന്നുവന്ന ആരോപണങ്ങളെ എങ്ങനെ നേരിടുമെന്ന കാര്യത്തിലും നേതൃത്വത്തിനു വ്യക്തതയില്ല.
അന്വേഷണം പ്രഖ്യാപിച്ചാൽ പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി അംഗീകരിച്ചതിനു തുല്യമാകും. അങ്ങനെ സംഭവിച്ചാൽ ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറായി തുടരില്ല. പി.ജയരാജന്റെ ആരോപണങ്ങൾ അന്വേഷിച്ചില്ലെങ്കിൽ തിരുത്തൽ രേഖ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴേത്തട്ടിൽ ഇത് വിശദീകരിക്കാൻ പ്രയാസമായിരിക്കും. കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ ഇരുനേതാക്കൾക്കും സ്വീകാര്യമായ നടപടി സ്വീകരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കമ്മീഷനെ നിയമിച്ചാൽ ഇരുനേതാക്കൾക്കുമെതിരായ ആരോപണങ്ങൾ അന്വേഷിക്കേണ്ടി വരും.