ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ച; ആരോപണവുമായി ക്ഷണിതാക്കളായ കലാകാരന്മാരുടെ തുറന്ന കത്ത്

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബിനാലെയിലേക്ക് ക്ഷണിക്കപ്പെട്ട 50 കലാകാരന്മാരുടെ തുറന്ന കത്ത്. “സർഗാത്മക ആവിഷ്കാരത്തിനുള്ള സവിശേഷമായ സ്ഥലമാണ് ബിനാലെ. എന്നാൽ നടത്തിപ്പിലെ വീഴ്ചകൾ ഞെട്ടിക്കുന്നതാണ്. ബിനാലെയുടെ സംഘടനത്തിലും ചുമതലയുള്ള സംഘത്തിലും സമഗ്രമായ അഴിച്ചുപണി ഉണ്ടാകണം”, അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ കലാകാരന്മാർ ഇന്‍റർനെറ്റ് പ്ലാറ്റ്ഫോമായ ഇ ഫ്ലക്സിൽ എഴുതിയ കത്തിൽ പറഞ്ഞു. വിഷയം വലിയ ചർച്ചാവിഷയമായതോടെ ബോർഡ് ഓഫ് ട്രസ്റ്റീസ് മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി ബോസ് കൃഷ്ണമാചാരി വീഴ്ചയിൽ ക്ഷമാപണവുമായി രംഗത്തെത്തി.

ഉദ്ഘാടന ദിവസം 10 ശതമാനത്തിൽ താഴെ കലാസൃഷ്ടികൾ മാത്രമാണ് തയ്യാറായിരുന്നതെന്ന് കലാകാരന്മാർ ആരോപിച്ചു. കാലാവസ്ഥയാണ് ഇതിന് കാരണമെന്ന വിശദീകരണം തെറ്റാണ്. ഇതിനെല്ലാം നടുവിലും ക്യൂറേറ്റർ ഷുബിഗി റാവു അഭിനന്ദനാർഹമായി പ്രവർത്തിച്ചു.

കലാകാരന്മാർക്ക് സ്വന്തം സൃഷ്ടികൾ കാണാനോ മറ്റ് കലാകാരന്മാരുമായി ഇടപഴകാനോ അവസരം ലഭിച്ചില്ല. പല വേദികളും ചോർന്നൊലിക്കുന്നുണ്ടായിരുന്നു. ആവശ്യത്തിന് ജോലിക്കാർ ഉണ്ടായിരുന്നില്ല. വസ്തുതകൾ കലാകാരന്മാരെ അറിയിച്ചില്ല. പ്രധാന പ്രദർശനം അവസാന നിമിഷം മാറ്റിവച്ചു. ഇത് ആഴ്ചകൾക്ക് മുമ്പ് തന്നെ ചെയ്യണമായിരുന്നു. തുടങ്ങി നിരവധി പരാതികളാണ് ഉയർന്നത്.