ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യണം: നിർദ്ദേശവുമായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ
ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേക വിഭാഗം ചരിത്രകാരന്മാർ ചേർന്ന് പഠിപ്പിച്ചത് ചരിത്രത്തിൻ്റെ വികലമായ പതിപ്പാണെന്ന വാദവുമായി കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യണമെന്നും പോരായ്മകൾ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും അഖില ഭാരതീയ ഇതിഹാസ സങ്കലൻ യോജനയും ചേർന്ന് ബീഹാറിലെ ജമുഹാറിലെ ഗോപാൽ നാരായൺ സിംഗ് സർവകലാശാലയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രാചീന ഇന്ത്യൻ ചരിത്രം മഹത്വവത്കരിക്കപ്പെടണം. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽപ്പെട്ട ചരിത്രകാരൻമാർ നമുക്കു മുന്നിൽ അവതരിപ്പിച്ച ഇന്ത്യൻ ചരിത്രത്തിന്റെ വികലമായ വീക്ഷണം നാം മാറ്റണം. വളരെയേറെ പഴക്കമുള്ളതാണ് ഇന്ത്യൻ നാഗരികത എന്നതാണ് യാഥാർത്ഥ്യം. അറിവിന്റെയും ഭരണത്തിന്റെയും കാര്യത്തിൽ ഈ നാഗരികതയിലെ ജനങ്ങൾ ലോകത്തിലെ മിക്ക ആളുകളേക്കാളും ബഹുദൂരം മുന്നിലായിരുന്നു.
രേഖകൾ തിരുത്തേണ്ടത് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ചരിത്രം വസ്തുനിഷ്ഠമായ രീതിയിൽ രേഖപ്പെടുത്തണം. സമുദ്രഗുപ്തൻ, സ്കന്ദഗുപ്തൻ തുടങ്ങിയ മഹാ ചക്രവർത്തിമാരെപ്പറ്റി നമ്മുടെ പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നില്ല. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ ഇതുവരെ നമുക്ക് സാംസ്കാരിക സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.