ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിൽ ജീവന് മത്സരിക്കാം: കോടതി
കോഴിക്കോട്: ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയിട്ടും കാലിക്കറ്റ് സർവകലാശാല ഇന്‍റർ യൂണിവേഴ്സിറ്റി മീറ്റിൽ നിന്ന് ഒഴിവാക്കിയ കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥി ജീവൻ ജോസഫിന് കോടതിയിൽ നിന്ന് അനുകൂല വിധി. ജീവൻ ജോസഫിനെ മത്സരിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ കോടതി ഉത്തരവിട്ടു. അണ്ടർ 67 കിലോ വിഭാഗത്തിലായിരുന്നു നേരത്തെ ജീവൻ മത്സരിച്ചിരുന്നത്. ഈ വിഭാഗത്തിൽ ഇനി പങ്കെടുക്കാനാകില്ല. പകരം 75 കിലോ വിഭാഗത്തിൽ മത്സരിക്കാമെന്ന് കോടതി വ്യക്തമാക്കി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ജീവനെ പിന്തള്ളിയാണ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. കൊടകര സഹൃദയ കോളേജ് വിദ്യാർത്ഥിയും കാസർകോട് നീലേശ്വരം സ്വദേശിയുമായ ജീവൻ ജോസഫാണ് അണ്ടർ 67 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത്. എന്നാൽ, മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയെ ദേശീയ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. മറ്റൊരു വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജീവന്‍റെ സഹോദരിയെയും ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചില്ല.
തൃശൂർ കൊടകര സഹൃദയ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളും ഇരട്ട സഹോദരങ്ങളുമാണ് ജീവൻ ജോസഫും ജിൽന ജോസഫും. ഈ മാസം 8, 9 തീയതികളിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 67 കിലോഗ്രാം വിഭാഗത്തിൽ ജീവനും, 57 കിലോഗ്രാം വിഭാഗത്തിൽ ജിൽനയും ഒന്നാം സ്ഥാനം നേടിയിരുന്നു.