പുഴുക്കലരിക്ക് വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദം കൂട്ടാനൊരുങ്ങി കേരളം

ആലപ്പുഴ: റേഷൻ കടകളിൽ പുഴുക്കലരി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിനായി എല്ലാ എംപിമാരുടെയും പിന്തുണ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി നേരിടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കാണും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷൻ വിതരണത്തിനായി പച്ചരിയാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. ഡിസംബറോടെ ഇത് 80-90 ശതമാനമായിരുന്നു. മാർച്ച് വരെ വിതരണം ചെയ്യുന്നതിന് എഫ്.സി.ഐ ഗോഡൗണുകളിൽ ശേഖരിച്ചിരിക്കുന്നതിൽ അധികവും പച്ചരിയാണ്.

നിരവധി തവണ വിഷയം കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനാൽ സംസ്ഥാനം മറ്റ് മാർഗങ്ങൾ തേടുകയാണ്. അരിക്കായി ഭൂരിഭാഗം ആളുകളും റേഷൻ കടകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോൾ കിട്ടുന്നത് പച്ചരി ആയതിനാൽ പലരും റേഷൻ വാങ്ങുന്നില്ല.