ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
വർക്കല: തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന 70 കോടി രൂപയുടെ പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ന് അന്തരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് ശിവഗിരിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങിയാണ് താൻ ഇവിടെയെത്തിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ശിവഗിരി തീർത്ഥാടനത്തിന്റെ നവതി, ശിവഗിരിയിലെ ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി, വിശ്വ മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദി എന്നിവ ഈ വർഷം ഒരുമിച്ച് വരുന്നു. വൈകുന്നേരത്തോടെ വിവിധ ജില്ലകളിൽ നിന്നുള്ള പദയാത്രകൾ ശിവഗിരിയിലെത്തും. കോവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീർത്ഥാടനം വീണ്ടും നടക്കുന്നത്.