ഉദ്യോഗസ്ഥർക്ക് ഇനി ആശ്വാസക്കാലം; ജി.എസ്.ടി പുനഃസംഘടന യാഥാർത്ഥ്യത്തിലേക്ക്
തിരുവനന്തപുരം: ജി.എസ്.ടി പുനഃസംഘടന യാഥാർത്ഥ്യമായി. ജില്ലകളിലേക്കുള്ള തസ്തികകൾ നിശ്ചയിച്ച് ഉത്തരവിറങ്ങി. ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുതുവർഷത്തിൽ ആശ്വാസം. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്തെ ജി.എസ്.ടി ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിച്ചത്. പ്രമോഷൻ തസ്തികകളുടെ എണ്ണം 10 ആയി ഉയർത്തണമെന്ന് ഒരു വിഭാഗം ജോയിന്റ് കമ്മീഷണർമാർ ആവശ്യപ്പെട്ടിരുന്നത്. പ്രമോഷൻ തസ്തികകളായ അഡീഷണൽ കമ്മീഷണർമാർക്ക് മൂന്നെണ്ണം മതിയെന്നാണ് പുനഃസംഘടനയുടെ ചുമതലയുണ്ടായിരുന്ന റെൻ എബ്രഹാം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, പുനർവിന്യാസവുമായി ബന്ധപ്പെട്ട ഡി 3/245/2022 നികുതി ഫയൽ മൂന്ന് മാസം കഴിഞ്ഞിട്ടും തീരുമാനമായിരുന്നില്ല.
ഈ റിപ്പോർട്ടിൻമേൽ പഠനം നടത്തണമെന്നും ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ തീരുമാനിച്ചു. ഉദ്യോഗസ്ഥതല തർക്കത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിലപാട് കടുപ്പിച്ചതിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്. ജില്ലകളിലെ തസ്തികകൾ തീരുമാനിച്ച ശേഷമാണ് നികുതി സെക്രട്ടറി ഉത്തരവിറക്കിയത്. ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും കാര്യത്തിൽ തീരുമാനമെടുത്ത ശേഷം ജനുവരി 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 140 ഓഡിറ്റ് സംഘങ്ങൾ കമ്മീഷൻ ചെയ്യുന്നതോടെ നികുതി പിരിവ് ഊർജിതമാക്കും.