സർവം മാധ്യമ സൃഷ്ടി; ഇ പി വിവാദത്തിൽ അഭിപ്രായം രേഖപ്പെടുത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഇ പി ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്കും സ്വയം വിമർശനങ്ങൾക്കും സാഹചര്യം ഉപയോഗപ്പെടുത്തുന്ന മാധ്യമ സൃഷ്ടിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിമർശനങ്ങളും തിരുത്തലുകളും പാർട്ടിക്കുള്ളിൽ ഫലപ്രദമായി നടപ്പാക്കുമെന്നും മാധ്യമങ്ങളിലൂടെ വലിച്ചിഴച്ച് ചർച്ച നടത്തില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി പുറത്തിറക്കിയ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹിക ജീവിതത്തിന്‍റെ ഭാഗമായി കമ്യൂണിസ്റ്റുകാരെ ആക്രമിക്കുന്ന അപചയത്തെ ഫലപ്രദമായി ചെറുക്കണം. സമൂഹത്തിന്‍റെ ഭാഗമായി നിലനിൽക്കുമ്പോൾ ഉയർത്തിപ്പിടിക്കേണ്ട കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിക്കും കഴിയണം.

ഗൗരവമായ ചർച്ചകളും വിമർശനങ്ങളും സ്വയം വിമർശനങ്ങളും നടത്തിയാലേ പാർട്ടിക്ക് മുന്നോട്ടുപോകാൻ കഴിയൂ. അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുകയും അവര്‍ തന്നെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക കാഴ്ചയാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.