‘മാളികപ്പുറം’ കേരളത്തിന്റെ ‘കാന്താര’യെന്ന് ആന്റോ ആന്റണി എം പി
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ‘മാളികപ്പുറം’. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരുടെ കാഴ്‍ചപ്പാടിലൂടെ കഥ പറയുന്ന ചിത്രം ‘കേരളത്തിന്‍റെ കാന്താര’യാണെന്ന് ആന്‍റോ ആന്റണി എം.പി ഫേസ്ബുക്കിൽ കുറിച്ചു.
‘ശബരിമല ഉൾപ്പെടുന്ന നാടിന്‍റെ ജനപ്രതിനിധിയാണ് ഞാനെന്ന് പറയുമ്പോൾ ലഭിക്കുന്ന സ്വീകരണം ഞാൻ എല്ലായ്പ്പോഴും അനുഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെത്തുമ്പോൾ. എല്ലാവർക്കും വാക്കുകളിൽ വിവരിക്കാൻ കഴിയാത്ത ശക്തിയുടെ ഉറവിടമാണ് അയ്യപ്പൻ. റിലീസ് ദിവസം തന്നെ ആ ദിവ്യ മഹത്വം ചിത്രീകരിക്കുന്ന മനോഹരമായ ഒരു സിനിമ കണ്ട അനുഭൂതിയിലാണ് ഇത് എഴുതുന്നത്. പ്രിയ സുഹൃത്ത് ആന്‍റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്ന് നിർമ്മിച്ച് വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറത്തെ’ ഒറ്റ വാചകത്തിൽ ‘കേരളത്തിന്‍റെ കാന്താര’ എന്ന് വിശേഷിപ്പിക്കാം. ചിത്രം ഉജ്ജ്വലമായാണ് പ്രേക്ഷകരിലേക്ക് ഭക്തിയുടെയും അതിലെ നിഷ്‌ക്കളങ്കതയുടെയും മനോഹരമായ മുഹൂര്‍ത്തങ്ങള്‍ പകര്‍ന്ന് ഒടുവില്‍ കോരിത്തരിപ്പിക്കുന്ന ക്ലൈമാക്‌സോടെ പര്യവസാനിക്കുന്നത്.
‘കല്യാണി’ എന്ന എട്ടുവയസുകാരിയും സുഹൃത്ത് ‘പിയൂഷും’ നടത്തുന്ന ശബരിമലയാത്രക്കൊപ്പം പ്രേക്ഷകനും തീര്‍ഥയാത്ര ചെയ്യുകയാണ്. ശബരിമല കാണുന്നു, അനുഭവിക്കുന്നു, അവിടെയുള്ള ചൈതന്യം നുകരുന്നു. ‘തത്വമസി’ അഥവാ ‘അത് നീയാകുന്നു’എന്നാണ് ശബരിമലയില്‍ കൊത്തിവെച്ചിരിക്കുന്ന തത്വം. അതാണ് ഈ സിനിമ നമ്മോട് പറയുന്നത്. ‘പിയൂഷ്’, ‘കല്യാണി’ എന്നിവർ നമ്മളാണ്. ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവനന്ദന, ശ്രീപദ് യാന്‍ എന്നീ മക്കളിൽ ദൈവത്തിന്‍റെ ഒരു സ്പർശം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവരുടെ പ്രകടനം വളരെ അതിശയകരമാണ്. അവരിലൂടെയാണ് കഥ പുരോഗമിക്കുന്നതെങ്കിലും ശബരിമലയും അയ്യപ്പനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അതിനാൽ കണ്ടുകൊണ്ടിരിക്കെ മനസ്സിൽ പലപ്പോഴും ‘സ്വാമിയേ… ശരണമയ്യപ്പ…’ എന്ന മന്ത്രം നിറയുമെന്നും അദ്ദേഹം കുറിച്ചു.