വാഹനാപകടത്തിൽ പരിക്ക്; ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയനായി
ദെഹ്‌റാദൂണ്‍: കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി. നെറ്റിയിൽ ചെറിയ പ്ലാസ്റ്റിക് സർജറി നടത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു. ദെഹ്റാദൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം.
ഡല്‍ഹി-ദെഹ്‌റാദൂണ്‍ ഹൈവേയിൽ നർസാനിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയാണ് പന്ത് തന്‍റെ മാതാപിതാക്കളെ കാണാൻ കാറുമായി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. മെഴ്സിഡസ് ജിഎൽഇ കാറാണ് താരം ഉപയോഗിച്ചത്. എന്നാൽ താരത്തിന്‍റെ കാർ ഡൽഹി-ഹരിദ്വാർ ഹൈവേയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. ഡിവൈഡറിൽ ഇടിച്ച വാഹനം പിന്നീട് തീപ്പിടിത്തത്തിൽ പൂർണ്ണമായും നശിച്ചു.
അപകടത്തിൽ താരത്തിൻ്റെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതുകൊണ്ടാണ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്. വലത് കാൽമുട്ടിന്‍റെ ലിഗമെന്‍റിനും പരിക്കേറ്റു. വലത് കൈത്തണ്ട, കണങ്കാൽ, കാൽ വിരൽ എന്നീ ഇടങ്ങളിലും പരിക്കേറ്റു.