ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; വോള്‍വ്‌സിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ജയത്തോടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ആദ്യ നാലിൽ ഇടം പിടിച്ചു. ടെൻഹാഗും സംഘവും വോൾവ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. 16 കളികളിൽ നിന്ന് 10 ജയവും രണ്ട് സമനിലയും നാല് തോൽവിയുമായി 32 പോയിന്‍റാണ് യുണൈറ്റഡിനുള്ളത്.
വോൾവ്സിന്‍റെ ഹോം ഗ്രൗണ്ടായ മോളിനക്സ് സ്റ്റേഡിയത്തിൽ പകരക്കാരനായി എത്തിയ മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിന്‍റെ രക്ഷയ്ക്കെത്തി. ഗോൾ രഹിത ആദ്യപകുതിക്ക് ശേഷം റാഷ്ഫോർഡ് രണ്ടാം പകുതിയിൽ കളി തുടങ്ങി. 76-ാം മിനിറ്റിൽ ഇടംകാൽ ഹെഡറിലൂടെ റാഷ്ഫോർഡ് ഗോൾ നേടി. പകരക്കാരനായി റാഷ്ഫോർഡിന്‍റെ 12-ാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. 85-ാം മിനിറ്റിൽ റാഷ്ഫോർഡ് വീണ്ടും ഗോൾ നേടിയെങ്കിലും വാർഡ് നടത്തിയ പരിശോധനയിൽ ഹാൻഡ്ബോളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗോൾ നിഷേധിക്കപ്പെട്ടു.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് തുടർച്ചയായ അഞ്ചാം മത്സരത്തിലും ജയിച്ചു. കഴിഞ്ഞ 15 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ടെൻഹാഗും സംഘവും തോറ്റത്. നിലവിൽ 17 കളികളിൽ നിന്ന് 13 പോയിന്‍റുള്ള വോൾവ്സ് 19-ാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്ന് 40 പോയിന്‍റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്താണ്.