മാരാമൺ കൺവെൻഷനിലേക്ക് ക്ഷണം; സാമുദായിക സംഘടനകളുമായി ബന്ധം ഉറപ്പിക്കാൻ തരൂർ

പത്തനംതിട്ട: എൻ.എസ്.എസിന്‍റെ ക്ഷണപ്രകാരം മന്നം ജയന്തി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ ശശി തരൂർ മാർത്തോമ്മാ സഭയുടെ വേദിയിലേക്കും. ഫെബ്രുവരി 18ന് നടക്കുന്ന യുവവേദിയിലാണ് തരൂർ സംസാരിക്കുക. മാർത്തോമ്മാ സഭയുടെ യുവജന സഖ്യത്തിന്‍റെ ആവശ്യപ്രകാരമാണ് കൺവെൻഷനിൽ പങ്കെടുക്കാൻ ശശി തരൂർ എത്തുന്നത്.

സഭയുടെ ഏറ്റവും മികച്ച വേദിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാരാമൺ കൺവെൻഷനിൽ തരൂർ എത്തുന്നതോടെ കൂടുതൽ സാമുദായിക സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 128-ാമത് മാരാമൺ കൺവെൻഷന്‍റെ ഭാഗമായി ശശി തരൂരിനെ യുവവേദിയിലേക്ക് ക്ഷണിച്ചത് മാർത്തോമ്മാസഭ യുവജനസഖ്യം പ്രസിഡന്‍റ് ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയാണ്. ഫെബ്രുവരി 18 ശനിയാഴ്ച യുവവേദിയിൽ യുവാക്കളും കുടിയേറ്റവും എന്ന വിഷയത്തിൽ തരൂർ സംസാരിക്കും.

ഫെബ്രുവരി 12 മുതൽ 19 വരെയാണ് മാരാമൺ കൺവെൻഷൻ. സാധാരണയായി രാഷ്ട്രീയക്കാർ കൺവെൻഷനിൽ വരാറുണ്ടെങ്കിലും, ഒരു പ്രധാന വേദിയിൽ പ്രസംഗിക്കാൻ അവരെ ക്ഷണിക്കുന്നത് അപൂർവമാണ് . ക്രിസ്ത്യൻ സഭകൾക്ക് പുറത്തുള്ളവരും യുവജനവേദിയിൽ അപൂർവമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. സുനിൽ പി ഇളയിടം മുൻകാലങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. തരൂർ പങ്കെടുക്കുന്ന പരിപാടികൾക്കെതിരെ കോൺഗ്രസ് തന്നെ രംഗത്തെത്തുന്ന സമയത്താണ് കൂടുതൽ സാമുദായിക വേദികൾ എന്നതും ശ്രദ്ധേയമാണ്.