ബഫർ സോൺ; വയനാട്ടിൽ ഫീൽഡ് സർവേ ഇഴച്ചിലിൽ, വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് പരാതി

കൽപ്പറ്റ: വയനാട്ടിലെ ബഫർ സോൺ ഫീൽഡ് സർവേ മന്ദഗതിയിൽ. വൊളന്‍റിയർമാരുടെ പരിശീലനം പോലും പലയിടത്തും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നാണ് പരാതി. സർക്കാർ പുറത്തിറക്കിയ ബഫർ സോൺ ഭൂപടങ്ങളിൽ ജനങ്ങളുടെ ആവലാതികൾ പരിഹരിക്കുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്.

മിക്ക ജില്ലകളിലും ഈ പ്രക്രിയ അവസാന ഘട്ടത്തിലാണ്. എന്നാൽ ബഫർ സോൺ ഉത്തരവ് ഏറ്റവും കൂടുതൽ ബാധിച്ച വയനാട്ടിലെ സ്ഥിതി വ്യത്യസ്തമാണ്. മിക്ക പഞ്ചായത്തുകളിലും ഫീൽഡ് സർവേയുടെ പ്രാരംഭ പ്രക്രിയ പോലും ആരംഭിച്ചിട്ടില്ല.

ബഫർ സോണിലെ ജനവാസ കേന്ദ്രങ്ങളെയും നിർമിതികളെയും ജിയോ ടാഗ് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷൻ പലർക്കും ലഭിച്ചിട്ടില്ല. ഇന്‍റർനെറ്റ് സേവനം ലഭ്യമല്ലാത്ത ആദിവാസി ഊരുകളിൽ സർവേ എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. തിരുനെല്ലിയിലെ റവന്യൂ നടപടികൾക്ക് നേതൃത്വം നൽകേണ്ട വില്ലേജ് ഓഫീസറുടെ കസേരയിൽ കഴിഞ്ഞ എട്ട് മാസമായി ആളില്ലാത്തതും പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനായി ചില ഭരണസമിതികൾ ബോധപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഉടൻ കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരും.