ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി 20ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ കളിച്ചേക്കും
മുംബൈ: വിജയത്തോടെ പുതുവർഷം തുടങ്ങാമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങും. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടി20 മത്സരം ഇന്ത്യൻ സമയം രാത്രി 7 മണിക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഹാർദിക് പാണ്ഡ്യയ്ക്ക് കീഴിൽ ഇന്ത്യയുടെ യുവ ടീം അണിനിരക്കും.
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റതിനെ തുടർന്ന് രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് പാണ്ഡ്യയെ ടീമിനെ നയിക്കാനുള്ള ചുമതല ഏൽപ്പിച്ചത്. വിരാട് കോഹ്ലി, കെഎൽ രാഹുൽ, പേസർ ഭുവനേശ്വർ കുമാർ തുടങ്ങിയ സീനിയർ താരങ്ങൾ പരമ്പരയിൽ കളിക്കില്ല. കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്ത് ടീമിന്റെ ഭാഗമായിരുന്നില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ തുടക്കം കൂടിയാണ് ഈ പരമ്പര.
ഹർദിക് പാണ്ഡ്യയ്ക്കും ഈ പരമ്പര നിർണായകമാകും. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനാണ് പാണ്ഡ്യ. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ഇഷാന് കിഷനും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.