ധാർമ്മികതയുടെ പേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചത്: സജി ചെറിയാന്‍
ആലപ്പുഴ: ധാർമ്മികതയുടെ പേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്ന് സജി ചെറിയാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തൻ്റെ പേരിൽ ഒരു കേസും നിലവിലില്ല. പഠിച്ച് മനസിലാക്കിയ ശേഷമാണ് തന്നെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ പാർട്ടി തീരുമാനിച്ചതെന്ന് സജി ചെറിയാൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് സജി ചെറിയാന്‍റെ പ്രതികരണം.
‘എം.എൽ.എ സ്ഥാനത്ത് നിന്ന് എന്നെ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എടുത്ത തീരുമാനം നിങ്ങളുടെ മുന്നിലില്ലേ? എന്ത് ഭരണഘടനാ വിരുദ്ധമായ പ്രസംഗം നടത്തിയെന്നാണ് പറയുന്നത്.. എം.എൽ.എ ആയി ഇരിക്കുന്ന ഒരാളെ മന്ത്രിയാക്കാൻ അയോഗ്യത എന്താണ്? ഞാൻ നിയമവിരുദ്ധമായി പറഞ്ഞതല്ലെന്നും തെളിയിച്ചു. സർക്കാരിന്റെയും പാർട്ടിയുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഞാൻ രാജിവച്ചത്. അതാണ് എന്‍റെ മാന്യത. ആ മാന്യതയെക്കുറിച്ച് ആരും പറഞ്ഞില്ല. കഴിഞ്ഞ മൂന്നോ നാലോ ദിവസമായി നിങ്ങൾ എന്നെ വിമർശിക്കുന്നു. വേട്ടയാടുകയാണ്. ഞാൻ എടുത്ത പോസിറ്റീവ് കാര്യത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ. ഞാൻ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ”, സജി ചെറിയാൻ പറഞ്ഞു.
ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതിയിലും തനിക്കെതിരെ കേസില്ല. അത് പഠിച്ച് മനസ്സിലാക്കിയ ശേഷമാണ് പാർട്ടി തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.