സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് സംസ്ഥാനം; ചെലവ് ചുരുക്കാനുള്ള നിർദ്ദേശവുമായി സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ. ധനവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാൻ വകുപ്പ് മേധാവികൾക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. നിബന്ധന ലംഘിച്ച് ചെലവഴിക്കുന്ന തുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ്.
കഴിഞ്ഞ വർഷം നവംബറിലാണ് ധനവകുപ്പ് ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാൻ ഉത്തരവിറക്കിയത്. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ, വാഹനങ്ങൾ വാങ്ങുന്നതിനും ഓഫീസ് സൗന്ദര്യവൽക്കരണത്തിനും നിയന്ത്രണം, അധിക ചെലവ് കർശനമായും ഒഴിവാക്കുക എന്നിവ ഉത്തരവിൽ ഉൾപ്പെടുന്നു. പുതുവർഷത്തിൽ സാമ്പത്തിക പ്രതിസന്ധി അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരിക്കെയാണ് ചീഫ് സെക്രട്ടറി വകുപ്പ് മേധാവികളെ ഇതെല്ലാം ഓർമ്മിപ്പിക്കുന്നത്. ധനവകുപ്പിന്റെ ഉത്തരവിന്റെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലറാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്.
നിബന്ധന ലംഘിച്ച് പണം ചെലവഴിച്ചാൽ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്നതുൾപ്പടെയുള്ള കർശന നിബന്ധനയെക്കുറിച്ച് സർക്കുലർ ഓർമ്മിപ്പിക്കുന്നു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വായ്പാ പരിധി ഉയർത്തുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും. ബജറ്റ് അവതരണത്തിനു ആഴ്ചകൾ മാത്രം ശേഷിക്കെ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.