കോവിഡ് 19; ജാഗ്രത തുടരാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
അതത് സമയങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡിന്റെ പുതിയ വകഭേദങ്ങൾ വരുന്നത് തുടരും. രാജ്യത്ത് പരിഭ്രാന്തി പടരാതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഇതുവരെ 11 ഓളം ഒമിക്റോൺ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബർ 24 മുതൽ ജനുവരി 3 വരെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 19,227 വിദേശ യാത്രക്കാരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 124 എണ്ണം പോസിറ്റീവാണ്. ഇതിൽ 40 എണ്ണം എക്സ്ബിബി വകഭേദം മൂലമാണ്.