നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ; ബജറ്റ് ഫെബ്രുവരി മൂന്നിന്
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിൻ്റെ നടത്തിപ്പിൽ താൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞതിനൊപ്പം സർവകലാശാല ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുമെന്ന സൂചനയും അദ്ദേഹം നൽകി.
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23 മുതൽ വിളിച്ചുചേർക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗവർണർ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കാൻ മന്ത്രിസഭാ ഉപസമിതിയെയും നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ക്രോഡീകരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.
ഫെബ്രുവരി മൂന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യത. ജനുവരി 30, 31 തീയതികളിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് പോകേണ്ടതിനാലാണ് ബജറ്റ് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയത്.