കെ.ആർ ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം ചെഗുവേരയുടെ മകൾക്ക് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: ചെഗുവേരയും കെ.ആർ ഗൗരിയമ്മയും ഒരേ പാതയിലും ഒരേ ലക്ഷ്യത്തിലും പോരാടി മുന്നേറിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക് പ്രഥമ കെ.ആർ.ഗൗരിയമ്മ ഇന്റർനാഷണൽ അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുവരും സ്വയം സഹനത്തിന്റെ പാത തിരഞ്ഞെടുത്തു. സുഖമായി ജീവിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും, ഇരുവരും പ്രക്ഷുബ്ധമായ പാതകൾ തിരഞ്ഞെടുത്തു. മാർക്സിസത്തോടുള്ള പ്രതിബദ്ധതയാണ് ഇരുവരും തമ്മിലുള്ള സാമ്യത. തങ്ങളുടെ ജീവിതത്തെ നാടിൻ്റെയും ജനങ്ങളുടെയും ചരിത്രമാക്കി മാറ്റിയവർ അധികമില്ല. അന്യജീവന് ഉതകുമ്പോഴാണ് സ്വന്തം ജീവിതം സഫലമാവുന്നത്.
അത് മാനദണ്ഡമാക്കിയാൽ ഗൗരിയമ്മയെപ്പോലെ സഫലമായ ഒരു ജീവിതം അധികം പേർക്കില്ല. തന്റെ നൂറാം വർഷത്തിന്റെ അന്ത്യഘട്ടത്തിലും അവർ ജനങ്ങൾക്കിടയിൽ തുടർന്നു. ധീരതയുടെ പ്രതീകവും ചെറുത്തുനിൽപ്പിന്റെ ശക്തമായ പ്രതിരൂപവുമായിരുന്നു ഗൗരിയമ്മ. കാർഷിക പരിഷ്കരണ നിയമം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിർദ്ദേശിച്ച കേരളത്തിലെ ആദ്യ സർക്കാരിൽ അവർ നിർണായക പങ്ക് വഹിച്ചു. നായനാർ മന്ത്രിസഭയിൽ വ്യാവസായിക വികസനത്തിന് ഒരു പുതിയ പരിപ്രേക്ഷ്യം അവതരിപ്പിച്ചു.