പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതരായ സഹകരണ ജനാധിപത്യ മുന്നണിയും യുഡിഎഫും നേര്‍ക്ക് നേര്‍ പോരാടുന്ന പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്. ചാലാട് വെസ്റ്റ് യുപി സ്‌കൂളില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിങ്. തെരഞ്ഞെടുപ്പില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പ്പറേഷന്‍ വികസന സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ രാഗേഷാണ് സഹകരണ ജനാധിപത്യ മുന്നണിയെ നിയന്ത്രിക്കുന്നത്. രാഗേഷിന്റെ സഹോദരനും ബാങ്ക് പ്രസിഡന്റുമായ പി കെ രഞ്ജിത്താണ് സഹകരണ ജനാധിപത്യ മുന്നണി പാനലിനെ നയിക്കുന്നത്