954 പോലീസ് മെഡലുകള്‍ കേന്ദ്രം പ്രഖ്യാപിച്ചു; 230 പേര്‍ക്ക് ധീരതക്കുള്ള മെഡലുകള്‍.

77-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ വിവിധ കേന്ദ്ര-സംസ്ഥാന സേനകളിലെ സര്‍ക്കാര്‍ സേവനത്തിനുള്ള മെഡലുകള്‍ പ്രഖ്യാപിച്ചു.

ഇത്തവണ 954 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രാഷ്ട്രപതിയുടെ മെഡല്‍ ലഭിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 230 ഉദ്യോഗസ്ഥര്‍ ഇതില്‍ ധീരതയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹരായി. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലൗക്രാക്പാം ഇബോംച സിംഗ് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പിപിഎംജി (President’s Police Medal for Gallantry (PPMG)) മെഡലിന് അര്‍ഹത നേടി.

82 പേര്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവന പോലീസ് പുരസ്കാരത്തിനും 642 പേര്‍ സുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹരായി. ജമ്മു കശ്മീര്‍ പോലീസില്‍ നിന്നും 55 പേര്‍ക്ക്, മഹാരാഷ്ട്ര പോലീസില്‍ നിന്നും 33 പേര്‍ക്ക്, സെൻട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ നിന്നും 27 പേര്‍ക്ക് , ഛത്തീസ്ഗഡ് പോലീസില്‍ നിന്നും 24 പേര്‍ക്ക് എന്നിങ്ങനെയാണ് ധീരതയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മെഡലുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ ആണ് പ്രഖ്യാപിക്കുന്നത്. ആദ്യത്തേത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ രാഷ്ട്രപതി പ്രഖ്യാപിച്ച പൊലീസ് മെഡലിന് കേരളത്തില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും അര്‍ഹത നേടിയിരുന്നു. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ് പി ആമോസ് മാമനാണ് അര്‍ഹനായത്. കൂടാതെ സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡല്‍ കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.

പി. പ്രകാശ് (ഐ.ജി, ഇൻറലിജൻസ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി, കെ കെ മൊയ്തീൻകുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആൻഡ് വയനാട്), ഷംസുദ്ദീൻ (ഡിവൈ.എസ്.പി, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി എല്‍ അജിത് കുമാര്‍ (ഡി.വൈ.എസ്.പി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെൻറ്), കെ വി പ്രമോദൻ (ഇൻസ്പെക്ടര്‍, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ, കണ്ണൂര്‍), പി ആര്‍ രാജേന്ദ്രൻ (എസ് ഐ, കേരള പൊലീസ് അക്കാഡമി), സി പി കെ ബിജുലാല്‍ (ഗ്രേഡ് എസ് ഐ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ മുരളീധരൻ നായര്‍ (ഗ്രേഡ് എസ് ഐ, വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു – 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എ എസ് ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശൂര്‍ സിറ്റി) എന്നിവര്‍ക്കാണ് സ്ത്യുത്യര്‍ഹ സേവനത്തിനുളള മെഡല്‍ ലഭിച്ചത്.