സ്വാതന്ത്ര്യ ദിന സന്ദേശവുമായി പ്രസിഡന്റ് ദ്രൗപതി മുർമ്മു.

ഡൽഹി: സ്വാതന്ത്ര്യ ദിന സന്ദേശവുമായി പ്രസിഡന്റ് ദ്രൗപതി മുർമ്മു. സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി തന്റെ ബാല്യകാല സ്മരണകൾ പങ്കുവെച്ചു. സ്വാതന്ത്ര്യ ദിനം വരുമ്പോൾ തന്റെ കുട്ടിക്കാലം ഓർമ്മവരും. ത്രിവർണ പതാക ഉയരുമ്പോൾ‌ തനിക്ക് വലിയ ഊർജ്ജമാണ് ലഭിച്ചത്. എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്വാതന്ത്ര ദിനം ഒരു മികച്ച വേദിയാണ്. സ്വാതന്ത്ര്യ ദിനത്തിലെ ഉത്സവത്തിൽ താൻ അമിതമായി ആഹ്ലാദിക്കുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ​ഗ്രാമവാസികൾക്കും പട്ടണത്തിൽ താമസിക്കുന്നവർക്കും ​ഇന്ത്യയുടെ സർവ്വ മേഖലകളിലും സ്വാതന്ത്ര്യ ദിനം സന്തോഷത്തിന്റേതാണ്. രാജ്യത്തെ ജനങ്ങൾ ആസാദി കാ അമൃത് മഹോത്സവ് ആവേശത്തോടെ ആഘോഷിക്കുന്നതായും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ബാല്യത്തിലെ സ്വാതന്ത്ര്യ ദിന ഓർമ്മകളും ദ്രൗപതി മുർമ്മു പങ്കുവെച്ചു. തന്റെ ​ഗ്രാമത്തിലെ സ്കൂളിൽ ത്രിവർണ പതാക ഉയരുമ്പോൾ‌ വല്യ ഊർജ്ജമായിരുന്നു തനിക്ക് ലഭിച്ചത്. തന്റെ ഹൃദയം ദേശസ്നേഹത്താൽ തുടിക്കും. ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി ദേശീയ ​ഗാനം പാടും. ദേശഭക്തി ​ഗാനങ്ങൾ പാടുകയും മധുരം കഴിക്കുകയും ചെയ്യും. സ്വാതന്ത്ര്യ ദിനത്തിലെ ഓർമ്മകൾ എക്കാലവും ഓർമ്മയിൽ നിന്നിരുന്നു. ഒരു അധ്യാപികയായി ഈ ഓർമ്മകൾ വീണ്ടും അനുഭവിച്ചതിൽ താൻ ഭാ​ഗ്യവതിയെന്നും ദ്രൗപതി മുർമ്മു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു.

‘മഹാത്മ ​ഗാന്ധിക്കൊപ്പം കസ്തൂർബ ​ഗാന്ധിയും സ്വാതന്ത്ര സമരങ്ങളുടെ ഭാ​ഗമായി. ഏത് വെല്ലുവിളിയെയും നേരിടാൻ ഇന്ത്യയിലെ വനിതകൾക്ക് കഴിയണം. ഇപ്പോൾ വനിതകൾ എല്ലാ മേഖലകളിലും ഉയർന്നു വരുന്നു. രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നു. കുറച്ച് കാലം മുമ്പുവരെ രാജ്യം ആലോചിക്കുക പോലും ചെയ്യാത്ത വലിയ ഉത്തരവാദിത്തങ്ങൾ ഇപ്പോൾ വനിതകൾ എറ്റെടുക്കുന്നു. വനിതകൾ മുന്നോട്ട് പോകണമെന്ന് താൻ ആ​ഗ്രഹിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യയിൽ എല്ലാ പൗരന്മാരും തുല്യരാണ്. എല്ലാവർക്കും തുല്യ അവകാശമുണ്ട്. എല്ലാവർക്കും തുല്യ അവസരങ്ങളും തുല്യ ഭൂമിയുമുണ്ടെന്നും പ്രസിഡന്റ് ഓർമിപ്പിച്ചു. ഓരോ ഇന്ത്യക്കാർക്കും വ്യത്യസ്ത വ്യക്തിത്വവും മതവിശ്വാസങ്ങളും വ്യത്യസ്ത വർ​ഗങ്ങളുമുണ്ട്. എന്നാൽ ഇന്ത്യൻ പൗരൻ എന്നത് മറ്റെന്തിനേക്കാലും മുകളിലാണ്.

1947 ൽ പുതിയ ഒരു പ്രഭാതത്തിലേക്കാണ് ഇന്ത്യ ഉണർന്നത്. വിദേശ ആധിപത്യത്തിൽ നിന്ന് മാത്രമല്ല പുതിയ ഒരു വിധിയിലേക്ക് കൂടിയാണ് നാം അന്ന് ഉണർന്നത്. രാജ്യത്തിൻ്റെ ആത്മാവിനെ വീണ്ടും കണ്ടെത്താൻ മഹാത്മ​ഗാന്ധി സഹായിച്ചു. രാജ്യത്തെ എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും ആദരം അർപ്പിക്കുന്നു. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമാണെന്ന് സ്വാതന്ത്ര്യ ദിനം ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ മുൻനിര സാമ്പത്തിക ശക്തിയായി മാറുന്ന ഇന്ത്യയെ ലോകം വീക്ഷിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിൽ ഐക്യത്തിന്റെ സന്ദേശം എല്ലാ ഇന്ത്യൻ പൗരന്മാർക്കും നേരുന്നു’, രാഷ്ട്രപതി പറഞ്ഞു.