സിറിയയിൽ 1600 വർഷം പഴക്കമുള്ള മൊസൈക്ക് കണ്ടെത്തി; അത്യപൂർവമെന്ന് ​ഗവേഷകർ

സിറിയ: മധ്യ സിറിയയിൽ നിന്ന് 1600 വർഷം പഴക്കമുള്ള റോമൻ കാലഘട്ടത്തിലെ ഒരു മൊസൈക്ക് കണ്ടെത്തി. ഹോംസിനടുത്തുള്ള റസ്താനിലെ ഒരു കെട്ടിടത്തിനടിയിലാണ് 20×6 മീറ്റർ നീളമുള്ള മൊസൈക്ക് കണ്ടെത്തിയത്. 2018 വരെയുള്ള യുദ്ധത്തിൽ വിമതർ കൈവശം വച്ചിരുന്ന പ്രദേശമായിരുന്നു ഇത്. 

പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, ട്രോജൻ, ആമസോൺസ് യുദ്ധങ്ങൾ കാണിക്കുന്ന മൊസൈക്ക് അപൂർവമായ ഒരു കണ്ടെത്തലാണ്. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിൽ സിറിയയുടെ പുരാവസ്തുക്കൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. 

എന്നാൽ, ഈ കണ്ടെത്തൽ 2011 ൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണെന്ന് പറയപ്പെടുന്നു. സിറിയയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മ്യൂസിയംസ് ആൻഡ് ആന്‍റിക്വീറ്റീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഹമ്മൻ സാദ്, ആഗോളതലത്തിൽ തന്നെ അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കണ്ടെത്തലാണിതെന്ന് അഭിപ്രായപ്പെട്ടു.