ടൊറന്‍റോയിൽ കൗമാരക്കാരികൾ ചേർന്ന് 59 കാരനെ കൊലപ്പെടുത്തി; മദ്യത്തിന് വേണ്ടിയെന്ന് സംശയം
ടൊറന്റോ: ടൊറന്‍റോയിൽ എട്ട് പെൺകുട്ടികൾ ചേർന്ന് 59 കാരനെ കൊലപ്പെടുത്തി. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് രാത്രി തന്നെ പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. 13 നും 16 നും ഇടയിൽ പ്രായമുള്ള ഇവർ കൊലപാതകം നടന്ന രാത്രിയിലാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം നടക്കുമ്പോൾ 59 കാരനായ ഇയാൾ ഭവനരഹിതർക്കായുള്ള അഭയകേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. വലിയ ടവറുകളും ഹോട്ടലുകളും ഉള്ള ടൊറന്‍റോയിലെ ഡൗൺടൗണിൽ വെച്ചാണ് പെൺകുട്ടികൾ ഇയാളെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് ടൊറന്‍റോ പൊലീസ് ഡിറ്റക്ടീവ് സർജന്‍റ് ടെറി ബ്രൗൺ പറഞ്ഞു.
കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ഒരു സംഘം ആളുകളാണ് എമർജൻസി സർവീസിൽ വിവരമറിയിച്ചത്. മുറിവേറ്റ സ്ഥലത്തിനടുത്ത് ധാരാളം ആയുധങ്ങൾ കിടക്കുന്നുണ്ടായിരുന്നു. എന്നാൽ ഏത് ആയുധമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഈ പെൺകുട്ടികളെല്ലാം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും ആ രാത്രിക്ക് മുമ്പ് അവർ പരസ്പരം കണ്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിലൂടെയും മറ്റും മാത്രമാണ് സംസാരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇരയുടെ കൈവശമുണ്ടായിരുന്ന മദ്യത്തിനായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ സംശയം.