ജിമ്മിലും പൊതു കുളിസ്ഥലത്തും വിലക്ക്; കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സദ്ഗുണത്തിനും ഉപരോധത്തിനും വേണ്ടിയുള്ള മന്ത്രാലയത്തിന്‍റെ വക്താവ് മുഹമ്മദ് അകിഫ് മുഹാജിറാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2021 ഓഗസ്റ്റിൽ രണ്ടാമതും അധികാരമേറ്റ ശേഷം, തങ്ങൾ പഴയ താലിബാൻ അല്ലെന്നും സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാൻ അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, താലിബാന്‍റെ പുതിയ നിയമം ഈ വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തി.

അഫ്ഗാനിസ്ഥാനിലെ വിദ്യാസമ്പന്നരായ മിക്ക സ്ത്രീകൾക്കും ജോലി നഷ്ടപ്പെട്ടു. ജോലിയിൽ തുടരുന്നവർ തുച്ഛമായ ശമ്പളത്തിലോ ശമ്പളമില്ലാതെയോ ആണ് ജോലി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിൽ, ഒരു പുരുഷ ബന്ധുവില്ലാതെ സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. അതുപോലെ, സ്ത്രീകൾ പുറത്തിറങ്ങുകയാണെങ്കിൽ ബുർഖയോ ഹിജാബോ ധരിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമവും താലിബാൻ അവതരിപ്പിച്ചു. സർവകലാശാലയിലെ വിദ്യാർത്ഥികൾ അടക്കം അതിനെതിരെ പ്രതിഷേധിക്കുന്ന സമയത്താണ് പുതിയ നിയമം കൊണ്ടുവന്നത്. 

പുതിയ നിയമം അനുസരിച്ച് സ്ത്രീകൾക്ക് പാർക്കിൽ പോകാൻ കഴിയില്ല. ജിമ്മിൽ പോകുന്നതിനും പൊതു കുളി സ്ഥലങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അവരുടെ പരിശീലകർ പുരുഷൻമാരായതിനാൽ സ്ത്രീകൾക്കുള്ള ജിമ്മുകൾ അടച്ചിരിക്കുന്നു. കഴിഞ്ഞ 14-15 മാസങ്ങളിൽ, സ്ത്രീകൾക്ക് പാർക്കുകളിൽ പോകാനുള്ള ശരീഅത്തും (ഇസ്‌ലാമിക നിയമം) സംസ്‌കാരവും അനുസരിച്ചുള്ള അന്തരീക്ഷം ഒരുക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും പക്ഷേ പാർക്കുകളുടെ ഉടമകൾ സഹകരിച്ചില്ലെന്നും മുഹമ്മദ് അകിഫ് സാദെഖ് മൊഹാജിർ പറഞ്ഞു. മാത്രമല്ല, ഹിജാബ് ധരിക്കാൻ സ്ത്രീകളോട് നിർദ്ദേശിച്ചിരുന്നുവെങ്കിലും അതും ശരിയായി പാലിക്കപ്പെട്ടില്ല. അതിനാൽ ജിമ്മുകളിലും പാർക്കുകളിലും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ, വനിതാ പരിശീലകർ മാത്രമുള്ള ജിമ്മുകളും താലിബാൻ അടച്ചുപൂട്ടിയെന്ന് ആരോപണമുണ്ട്.