140 വർഷം മുമ്പ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ പക്ഷിയെ വീണ്ടും കണ്ടെത്തി
140 വർഷം മുമ്പ് ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായെന്ന് കരുതപ്പെടുന്ന അപൂർവ പ്രാവിനത്തെ വീണ്ടും കണ്ടെത്തി. ബ്ലാക്ക് നേപ്പഡ് ഫെസന്‍റ് പീജയണ്‍ എന്ന ഇനത്തില്‍ പെടുന്ന പക്ഷിയെയാണ് വീണ്ടും കണ്ടെത്തിയത്. വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന പ്രാവുകളുടെ ഒരു ഇനമാണ് ഇത്. പാപ്പുവ ന്യൂ ഗിനിയയിലാണ് ഇവയെ കണ്ടെത്തിയത്. ഒരു മാസം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തൽ.
നീണ്ട തിരച്ചിലിനൊടുവിൽ മടങ്ങാനിരിക്കുകയായിരുന്ന സംഘത്തിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്കാണ് മണ്ണിലൂടെ സഞ്ചരിക്കുന്ന ഒരു അപൂർവ ഇനം പ്രാവ് എത്തിയത്. ഗവേഷണ സംഘത്തിന്‍റെ തലവനായ ജോൺ മിത്തേറിയർ ഈ കണ്ടെത്തലിനെ “അപൂർവ സംഭവം” എന്നാണ് വിശേഷിപ്പിച്ചത്. വംശനാശത്തിൽ നിന്ന് രക്ഷപ്പെടാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്ന് പക്ഷി ഗവേഷകർ നിരീക്ഷിച്ചു.
വലിപ്പമുള്ള ഫെസന്റിനെയാണ് കണ്ടെത്തിയത്. 2019 ലും ദ്വീപിൽ തിരച്ചിൽ നടത്തിയെങ്കിലും ഒരെണ്ണത്തിനെ പോലും കണ്ടെത്താനായില്ല. 1882ന് ശേഷം ഇതാദ്യമായാണ് ഇവയുടെ ഫോട്ടോ എടുക്കുന്നത്. ശാസ്ത്രലോകത്തിന് ഈ ഇനത്തെക്കുറിച്ച് പരിമിതമായ അറിവ് മാത്രമേ ഉള്ളൂ. എന്നാല്‍ നിലവിലുള്ള ഫെസന്‍റുകള്‍ കുറയുന്നുണ്ടോയെന്ന ആശങ്കയിലാണ് ഗവേഷകർ.