വയനാട്ടിൽ കൂട്ടിലകപ്പെട്ട കടുവക്കുട്ടിയെ തുറന്നുവിടും; കുങ്കിയാനകളെത്തി
മീനങ്ങാടി: വയനാട് മണ്ഡകവയലിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ കടുവകുട്ടിയെ തുറന്നുവിടാൻ തീരുമാനം. നാല് മാസം പ്രായമുള്ള കടുവക്കുട്ടിയാണ് കൂട്ടിൽ കുടുങ്ങിയത്. അമ്മ കടുവയും മറ്റൊരു കുട്ടിയും പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. നാലുമാസം പ്രായമായ കുട്ടിയായതിനാൽ പിടിക്കപ്പെടാൻ നിയമം അനുവദിക്കുന്നില്ല. ഇതോടെയാണ് കടുവക്കുട്ടിയെ മോചിപ്പിക്കാൻ തീരുമാനിച്ചത്.
കുങ്കി ആനകൾ കുട്ടിയെ മോചിപ്പിക്കാൻ സ്ഥലത്തെത്തി. കടുവകൾ പരിസരത്ത് ഉണ്ടായിരുന്നതിനാലാണ് ആനകളെ കൊണ്ടുവന്നത്. കനത്ത സുരക്ഷയാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്.
കടുവ വളർത്തുമൃഗങ്ങളെ പിടിക്കാൻ തുടങ്ങിയപ്പോഴാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം ഒരു വയസ്സുള്ള കാളക്കുട്ടിയെ കടുവ ആക്രമിച്ചിരുന്നു. എസ്റ്റേറ്റിനുള്ളിൽ മാനുകളും കൊല്ലപ്പെട്ടു. മൈലമ്പാടി, പുല്ലുമല, മണ്ഡകവയൽ, ആവയൽ, കൃഷ്ണഗിരി, സിസി, വാകേരി പ്രദേശങ്ങൾ ഒരു മാസത്തിലേറെയായി കടുവശല്യത്തിന്‍റെ പിടിയിലാണ്. കടുവയും കുഞ്ഞുങ്ങളും വാകേരിക്കടുത്തുള്ള ഒരു ജനവാസമേഖലയിൽ ചുറ്റിത്തിരിയുകയാണ്, ഇത് പ്രദേശവാസികളെ പരിഭ്രാന്തരാക്കി. തോട്ടംമേഖല കൂടുതലുള്ളതിനാൽ ഇവിടെ വന്യജീവി ശല്യം രൂക്ഷമാണ്.