യുകെയിലെ വിന്റേജ് കാർ മത്സരത്തിൽ സ്റ്റാറായി മൈസൂർ മഹാരാജാവിന് വേണ്ടി നിർമിച്ച കാർ

സൗന്ദര്യത്തിന്‍റെ രാജാവായി ഇന്ത്യൻ ബെന്‍റ്ലി. ഇന്ത്യയ്ക്ക് പുറത്ത് വിന്‍റേജ് മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി യൊഹാൻ പൂനാവാലയുടെ ബെന്‍റ്ലി മാർക്ക് 6 മാറി. യുകെയിൽ നടന്ന ആർആർഇസി കോൺകോഴ്സ് ഡി എലഗൻസ് മത്സരത്തിൽ ഇന്ത്യയിൽ നിന്നുള്ള ഈ വാഹനം സമ്മാനം നേടി. ഇന്‍റർനാഷണൽ ക്ലബ് ഓഫ് റോൾസ് റോയ്സും ബെന്‍റ്ലി എന്തൂസിയാസ്റ്റും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്. മൈസൂർ മഹാരാജാവായിരുന്നു മൈസൂരു 1 എന്ന നമ്പറിൽ റജിസ്ട്രേഷൻ നേടിയ വാഹനത്തിന്റെ ആദ്യ ഉടമ. ഏറെ നാളുകൾക്ക് മുൻപ് ലേലത്തിലൂടെയാണ് അദ്ദേഹത്തിന്റെ രാജകീയ യാത്രകൾക്ക് തേരോട്ടം നടത്തിയ ബെന്റ്ലി പൂനാവാല നേടിയത്.

മൈസൂർ രാജാവിനായി വാഹനത്തിന്‍റെ കസ്റ്റമൈസേഷൻ ലണ്ടനിലാണ് പൂർത്തിയാക്കിയത്. ആഡംബരവും തിളക്കവും മങ്ങിയ വാഹനം സ്വന്തമാക്കിയ പൂനാവാല, മുംബൈയിലെ വിവേക് ഗോയങ്ക, അലൻ അൽമേഡ എന്നിവരെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി വാഹനം ഏൽപ്പിച്ചു. . 

അവരുടെ കഠിനാധ്വാനമാണ് കാറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിച്ചതെന്ന് പൂനാവാല പറയുന്നു. റോബ് എംബർസൺ ട്രോഫിയും ഈ വാഹനം നേടി.