തൊണ്ടിമുതൽ കൃത്രിമം കാണിക്കല്‍ കേസ്; ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി

മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കൃത്രിമം കാണിക്കൽ കേസിലെ വിചാരണ വൈകുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുത്ത ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് അറിയിച്ചു. സാമൂഹിക പ്രവർത്തകനായ ജോർജ് വട്ടുകുളം സമര്‍പ്പിച്ച ഹർജിയിലാണ് നടപടി. ആന്‍റണി രാജു നൽകിയ ഹർജിയിൽ തൊണ്ടിമുതൽ കൃത്രിമം കാണിക്കല്‍ കേസിലെ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് രണ്ട് ഹർജികളും പരിഗണിക്കുന്നത്.

2006 ൽ കുറ്റപത്രം സമര്‍പ്പിച്ച കേസിന്‍റെ വിചാരണ നീളുന്നത് ഗൗരവകരമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണ സംബന്ധിച്ച് ഹൈക്കോടതി വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയത്.

ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്. ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്ന് പറഞ്ഞു കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ലെന്നും പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍, വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയുമില്ല എന്നാണ് കേസിൽ മന്ത്രിയുടെ വാദം. ഇത് പരിഗണിച്ച് തുടർനടപടികൾ റദ്ദാക്കി കോടതി നേരത്തെ ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു.