തൊണ്ടിമുതൽ മോഷണക്കേസ്; തുടർ നടപടികൾക്കുള്ള സ്റ്റേ നാല് മാസം കൂടി നീട്ടി

തിരുവനന്തപുരം: വിവാദമായ തൊണ്ടിമുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർനടപടികൾക്കുള്ള സ്റ്റേ നാല് മാസത്തേക്ക് കൂടി ഹൈക്കോടതി നീട്ടി. മന്ത്രി ആന്‍റണി രാജു നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഈ മാസം 25ന് പരിഗണിക്കും.

മയക്കുമരുന്ന് കേസിലെ പ്രതികളെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് മന്ത്രിക്കെതിരായ കേസ്. തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് ലഹരിമരുന്ന് കേസിലെ പ്രതികളെ രക്ഷിച്ചതിന് അന്ന് അഭിഭാഷകനായിരുന്ന ആന്‍റണി രാജുവിനെതിരെ കേസെടുത്തിട്ടുണ്ട്. 1994ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2006ലാണ് കുറ്റപത്രം സമർപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിക്കുമ്പോൾ മന്ത്രിക്കെതിരായ പ്രോസിക്യൂഷന്‍റെ വാദങ്ങൾ സ്ഥാപിക്കുക എന്നത് വലിയ വെല്ലുവിളിയാകും. 29 സാക്ഷികളും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരാണ്. മൂന്ന് പേർ മരിച്ചു. ബാക്കിയുള്ളവരെല്ലാം 60 വയസ്സിന് മുകളിലുള്ളവരാണ്.

അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്ട്രേലിയൻ പൗരനായ സാൽവദോർ സാർലിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്ന ആന്‍റണി രാജുവാണ് തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് ഈ വിദേശിയെ കേസിൽ നിന്ന് രക്ഷിച്ചത്. ആന്‍റണി രാജുവിന്‍റെ അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി മയക്കുമരുന്ന് കേസിൽ വിദേശിയെ 10 വർഷം തടവിന് ശിക്ഷിച്ചു. എന്നാൽ ഹൈക്കോടതി സാർലിയെ കുറ്റവിമുക്തനാക്കി.