നാശം വിതച്ച് ശീതക്കൊടുങ്കാറ്റ്; യുഎസിൽ 31 മരണം

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ശീതക്കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 31 ആയി. ഏകദേശം 10 ലക്ഷത്തോളം പേരെയാണ് ശീതക്കൊടുങ്കാറ്റ് ബാധിച്ചത്. ക്രിസ്മസ് ദിനത്തിൽ വൈദ്യുതിയില്ലാതെ ധാരാളം ആളുകൾ കടുത്ത തണുപ്പിന്‍റെ പിടിയിലായിരുന്നു. ന്യൂയോർക്കിലും ബഫല്ലോയിലും സ്ഥിതി സങ്കീർണ്ണമാണ്.

“യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. റോഡിന്‍റെ വശങ്ങളിലുള്ള വാഹനങ്ങളുടെ കാഴ്ചകൾ ഞെട്ടിക്കുന്നതാണ്. ഇത് ജീവന് ഭീഷണിയാകുന്ന അപകടകരമായ സാഹചര്യമാണ്.” എല്ലാവരോടും വീടിനുള്ളിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ പറഞ്ഞു. പലയിടത്തും 2.4 മീറ്റർ വരെ ഉയരത്തിൽ മഞ്ഞ് മൂടി കിടക്കുകയാണ്. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാൽ ജീവൻ അപകടത്തിലാണെന്ന് ആളുകൾ പറയുന്നു.

ബോംബ് സൈക്ലോൺ എന്നറിയപ്പെടുന്ന ശീതക്കൊടുങ്കാറ്റ് ഇനിയും നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ സംസ്ഥാനമായ മൊണ്ടാനയും കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞ ദിവസത്തെ താപനില മൈനസ് 45 ഡിഗ്രി സെൽഷ്യസായിരുന്നു.