ബഫര്‍ സോണിനായി സമിതി രൂപീകരിക്കണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ.മാണി

തിരുവനന്തപുരം: ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ സമിതി രൂപീകരിക്കണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖല വനത്തിനുള്ളിൽ തന്നെ പുനർനിർണയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര എംപവേർഡ് കമ്മിറ്റി ചെയർമാന് നിവേദനവും നൽകി.

കേരളം നൽകിയ പുനഃപരിശോധനാ ഹർജിക്കെതിരെ താമരശ്ശേരി രൂപത രംഗത്തെത്തി. നിർദ്ദിഷ്ട ബഫർ സോണിൽ താമസിക്കുന്നവർ വനം കയ്യേറ്റക്കാരും ആദിവാസികളുമാണെന്ന പ്രസ്താവന തിരിച്ചടിയാകുമെന്ന് താമരശ്ശേരി രൂപത പറഞ്ഞു. പരാതികൾ അയയ്ക്കാനും രൂപത ജനങ്ങളോട് ആഹ്വാനം ചെയ്തു.

വനംവകുപ്പ് സുപ്രീംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജിയിലെ പഴുതുകൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് താമരശ്ശേരി രൂപത. നിർദ്ദിഷ്ട ബഫർ സോണിലെ താമസക്കാർ 1977ന് മുന്‍പ് വനം കയ്യേറിയവരും ആദിവാസികളുമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ പ്രസ്താവന കോടതിയിൽ ചർച്ചയാകാനുള്ള സാധ്യത താമരശ്ശേരി രൂപത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ഥിതിവിവരക്കണക്കുകൾ നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഈ വിവരങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.