കാണാതായ കാസർകോട് സ്വദേശികളായ ദമ്പതികളും മക്കളും യെമനിലെന്ന് വിവരം; അന്വേഷണം എൻഐഎയ്ക്ക് കൈമാറും

കാസര്‍കോട്: തൃക്കരിപ്പൂർ സ്വദേശികളായ ദമ്പതികളുടെയും മക്കളുടെയും തിരോധാനം സംബന്ധിച്ച അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയേക്കും. ഇവര്‍ യെമനിലേക്ക് കടന്നുവെന്ന സ്ഥിരീകരണത്തെ തുടര്‍ന്നാണിത്. ഉദിനൂർ സ്വദേശി മുഹമ്മദ് ഷബീർ, ഭാര്യ റിസ്വാന, നാല് മക്കൾ എന്നിവരെയാണ് ദുബായിൽ നിന്ന് കാണാതായത്.

12 വർഷമായി ഈ കുടുംബം യു.എ.ഇയിലാണ് താമസം. കഴിഞ്ഞ നാല് മാസമായി ഇവരെ കുറിച്ച് ഒരു വിവരവുമില്ല. ബന്ധുക്കൾ ഇന്നലെ ചന്തേര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുടുംബം യെമനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് വാട്സ്ആപ്പ് വഴി കുടുംബം ചിലരെ ബന്ധപ്പെട്ടിരുന്നു. മത പഠനത്തിന് പോയതാണെന്നാണ് വിശദീകരണം. സംഭവത്തിൽ ഇതുവരെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചിട്ടില്ല.

യെമനിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് നിരോധനം ഉള്ള സാഹചര്യത്തിൽ കുടുംബം എങ്ങനെ അവിടെ എത്തിയെന്നതും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കും. കാസർകോട് പടന്ന സ്വദേശികളായ രണ്ട് യുവാക്കളെയും കാണാതായിട്ടുണ്ട്. ഇവരിൽ ഒരാൾ സൗദി അറേബ്യ വഴിയും മറ്റൊരാൾ ഒമാൻ വഴിയുമാണ് യെമനിലെത്തിയതെന്നാണ് സൂചന. അവിടെ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായും സൂചനയുണ്ട്. എന്നാൽ ഇവർക്ക് ഏതെങ്കിലും ഭീകര സംഘടനയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സംഭവങ്ങളിലും വിശദമായ അന്വേഷണത്തിനാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറുന്നത്.