അർദ്ധരാത്രി റോഡില്‍ നടന്നതിന് ദമ്പതികൾക്ക് പിഴ

ബെംഗളൂരു: രാത്രി 12.30ന് വീടിനു പുറത്തിറങ്ങി നടന്നതിനു പിഴ ഈടാക്കി പൊലീസ്. ബെംഗളൂരുവിലാണ് സംഭവം. രാത്രിയിൽ വീടിനടുത്തുള്ള തെരുവിലൂടെ നടന്നതിന് നിയമം ലംഘിച്ചതിന് ദമ്പതികൾക്ക് പൊലീസ് പിഴ ചുമത്തി. ഒരു ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ. ഇതിനിടെ പൊലീസിന്‍റെ പിങ്ക് ഹൊയ്സാല വാഹനത്തിൽ എത്തിയവർ ദമ്പതികളിൽ നിന്ന് പിഴ ഈടാക്കി.

കാർത്തിക് പത്രി എന്നയാളാണ് ഇക്കാര്യത്തിൽ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ സഹായം തേടിയത്. 15 ട്വീറ്റുകളിൽ അദ്ദേഹം പറഞ്ഞു: “സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന്റെ കേക്ക് മുറിക്കുന്ന ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സമയം രാത്രി 12.30 ഓടെയായിരുന്നു. മാന്യത ടെക് പാർക്കിനടുത്തുള്ള സൊസൈറ്റിയിലെ താമസക്കാരാണ് ഞങ്ങൾ. വീടിന്‍റെ ഗേറ്റിൽ എത്താറായപ്പോൾ, ഒരു പട്രോളിംഗ് വാൻ സമീപത്ത് കൊണ്ടുവന്ന് നിർത്തി. പോലീസ് യൂണിഫോം ധരിച്ച രണ്ടുപേർ ഇറങ്ങിവന്ന് എന്നോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. തെരുവിലൂടെ നടന്നതിന് ഞങ്ങളുടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടത് എന്തിനെന്നു കരുതി ഞങ്ങൾ ഞെട്ടിപ്പോയി. തുടർന്ന് ആധാർ കാർഡുകളുടെ ചിത്രങ്ങൾ ഞങ്ങൾ പൊലീസിനെ കാണിച്ചു. ഇതേതുടർന്ന് പോലീസ് ഫോണുകൾ വാങ്ങുകയും വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.

ഇതിനിടയിൽ ഒരു പോലീസുകാരൻ വാഹനത്തിൽ നിന്ന് ചലാൻ ബുക്ക് പോലുള്ള എന്തോ ഒന്ന് എടുത്ത് പേരും ആധാർ നമ്പറും രേഖപ്പെടുത്താൻ തുടങ്ങി. എന്തിനാണ് പേരും വിശദാംശങ്ങളും എഴുതുന്നതെന്ന് ചോദിച്ചപ്പോൾ രാത്രി 11 മണിക്ക് ശേഷം റോഡിൽ കറങ്ങിനടന്നതിന് കുറ്റം ചുമത്തണമെന്നായിരുന്നു മറുപടി. അത്തരമൊരു നിയമം ഇല്ലെങ്കിലും, രാത്രി വൈകിയതിനാലും ഫോണുകൾ പിടിച്ചെടുത്തതിനാലും സ്ഥിതിഗതികൾ വഷളാക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു.”