മൂവാറ്റുപുഴയില്‍ നഗരമധ്യത്തിൽ ഗര്‍ത്തം; അടയ്ക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു
കോട്ടയം: കനത്തമഴയെ തുടർന്ന് മൂവാറ്റുപുഴയ്ക്കടുത്ത് എം.സി.റോഡിൽ ഉണ്ടായ ഗർത്തം കോൺക്രീറ്റ് ചെയ്ത് അടയ്ക്കുന്ന ജോലികൾ പുരോഗമിക്കുകന്നു. കച്ചേരിത്താഴത്തെ വലിയ പാലത്തിന് സമീപം അപ്രോച്ച് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തമാണ് അടയ്ക്കുന്നത്. കുഴിയിൽ കോൺക്രീറ്റ് മിശ്രിതം നിറയ്ക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പ്രദേശത്തെ വലിയ ഗതാഗതക്കുരുക്ക് എത്രയും വേഗം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
നേരത്തെ ഇവിടെ നിന്ന് മണ്ണ് നീക്കി പരിശോധിച്ചിരുന്നു. ഇളകിയ മണ്ണ് നീക്കം ചെയ്ത് ഒന്നര ഇഞ്ച് മെറ്റല്‍ കോൺക്രീറ്റ് ചെയ്ത് കുഴിയിൽ ഇട്ട് ശരിയാക്കുക എന്നതാണ് ആദ്യ ഘട്ടം. പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന എഞ്ചിനീയർമാർ സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് ഈ താൽക്കാലിക പരിഹാരമായത്.
ഗർത്തം കണ്ടെത്തിയതിനെ തുടർന്ന് ഈ റൂട്ടിൽ ഗതാഗതം നിയന്ത്രിച്ചിരുന്നു. എം.സി. റോഡിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായതിനാൽ മൂവാറ്റുപുഴ ഭാഗത്ത് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കുണ്ടായി. അതിനാൽ, പ്രശ്നത്തിന് ഉടനടി പരിഹാരം കണ്ടെത്താൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. കുഴി വീണ്ടും രൂപപ്പെടുമോ എന്നും പരിശോധിക്കുന്നുണ്ട്.