അഞ്ച് ദിവസത്തെ ആഘോഷം; നായ്ക്കളെ ആദരിച്ച് നേപ്പാൾ

ലളിത്പൂർ (നേപ്പാൾ): നേപ്പാളിൽ, നായ്ക്കളെ സ്നേഹിക്കാനും ബഹുമാനിക്കാനും മാലയിടാനും ഒരു ഉത്സവം. മനുഷ്യരോട് കൂറുപുലർത്തുന്ന നായ്ക്കളുടെ കഴുത്തിൽ മാല അണിയിച്ച് നായ പ്രേമികൾ ഈ ഉത്സവം ഒരു വലിയ ആഘോഷമായി ഇവിടെ ആഘോഷിക്കുന്നു. നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്തുള്ള ലളിത്പൂരിലെ നായ സങ്കേതമായ സ്നേഹ കെയറിലാണ് ഈ വർഷത്തെ ഉത്സവം നടന്നത്.

‘കുകുർ തിഹാർ’ എന്ന് പേരിട്ടിരിക്കുന്ന ചടങ്ങിൽ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും വിനോദസഞ്ചാരികളും പങ്കെടുത്തു. മൃഗങ്ങളുമായി ബന്ധപ്പെട്ട അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഹിന്ദു ആചാരത്തിന്‍റെ രണ്ടാം ദിവസമാണ് കുകുർ തിഹാർ നടക്കുന്നത്. മരണത്തിന്‍റെയും നീതിയുടെയും ദൈവമായ യമരാജനെയാണ് ഇവിടെ ആരാധിക്കുന്നത്. മനുഷ്യർ നായ്ക്കളോട് അനുകമ്പയും സ്നേഹവും കാണിക്കണമെന്നും കഴിയുന്നത്ര ഭക്ഷണം നൽകണമെന്നും ഉത്സവ ദിവസത്തിൽ സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ലളിത്പൂർ മേയർ ചിരി ബാബു മഹർജൻ പറഞ്ഞു. 

തെരുവുനായ്ക്കൾ കൂടുതലുള്ളതും നായ്ക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതുമായ സ്നേഹ കെയർ ഷെൽട്ടറിൽ 170ഓളം നായ്ക്കളുണ്ട്. ഇന്ന് ആളുകൾ നായ്ക്കളെ ആരാധിക്കുമെന്നും എന്നാൽ അടുത്ത ദിവസം രോഗം വന്നാൽ ആളുകൾ അവയെ ഉപേക്ഷിക്കുമെന്നും മേയർ ചിരി ബാബു മഹർജൻ പറഞ്ഞു. ഉത്സവ വേളയിൽ നായ്ക്കളോടും മറ്റ് മൃഗങ്ങളോടും അനാദരവ് കാണിക്കുന്നത് പാപമായി കണക്കാക്കപ്പെടുന്നു. ആഘോഷങ്ങൾക്ക് പുറമെ നേപ്പാളിലെ നായ്ക്കളുടെ ക്ഷേമവും കൂടുതൽ ശ്രദ്ധ നേടുകയാണ്. കാഠ്മണ്ഡു താഴ്വരയിൽ മാത്രം 20,000 തെരുവുനായ്ക്കളുണ്ട്.