എല്ലാ രാജ്യത്തും ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പെലെയുടെ പേര്; നിര്‍ദേശവുമായി ഫിഫ
സൂറിച്ച്: ഓരോ രാജ്യത്തും ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന് ഇതിഹാസ താരം പെലെയുടെ പേര് നൽകണമെന്ന് ഫിഫ. പെലെയോടുള്ള ആദര സൂചകമായി അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയാണ് ഈ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
പെലെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സാന്‍റോസിൽ എത്തിയ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയാണ് ഇക്കാര്യം അറിയിച്ചത്. 82 കാരനായ പെലെ വ്യാഴാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ പെലെയുടെ വിയോഗം ഫുട്ബോൾ ലോകത്തിന് നികത്താനാകാത്ത ശൂന്യതയാണ് അവശേഷിപ്പിച്ചത്.
മൂന്ന് ലോകകപ്പുകൾ നേടിയ ഏക കളിക്കാരനായ പെലെ കാൻസർ ബാധിച്ചാണ് മരിച്ചത്. പെലെയുടെ സംസ്കാരം ഇന്ന് സാന്‍റോസിൽ നടക്കും. അവസാനമായി ഫുട്ബോൾ ഇതിഹാസത്തെ ഒരു നോക്ക് കാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്.