ചരിത്രവിജയം ; മലയാളി താരങ്ങളെ അഭിനന്ദിച്ച് കായിക മന്ത്രി

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടം കൈവരിച്ച മലയാളി കായികതാരങ്ങളെ കായിക മന്ത്രി വി അബ്ദുറഹിമാൻ അഭിനന്ദിച്ചു. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയ എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. രാജ്യത്തിനാകെ അഭിമാനം പകരുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവച്ചതെന്ന് മന്ത്രി പറഞ്ഞു.

“ട്രിപ്പിൾ ജംപിൽ എൽദോസ് നേടിയ സ്വർണവും അബ്ദുള്ള നേടിയ വെള്ളിയും വളരെയധികം തിളക്കമാർന്നതാണ്. അത്ലറ്റിക്സിൽ കേരളത്തിന്‍റെ ശക്തമായ തിരിച്ചുവരവിന്‍റെ സൂചനയാണിത്. ഇത് കേരളത്തിലെ മുഴുവൻ കായിക മേഖലയ്ക്കും പ്രചോദനമാണ്. എൽദോസും അബ്ദുള്ളയും സ്കൂൾ തലം മുതൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇരുവരും ഈ സീസണിൽ മികച്ച ഫോമിലാണ്.”മന്ത്രി പറഞ്ഞു.

ഈ യുവ കളിക്കാരിൽ നിന്ന് ഇനിയും നേട്ടങ്ങൾ പ്രതീക്ഷിക്കാം. നേരത്തെ ലോംഗ് ജംപിൽ ശ്രീശങ്കർ വെള്ളി നേടിയിരുന്നു. ഈ കോമൺവെൽത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ വേദിയാണ്. കൂടുതൽ മലയാളി താരങ്ങൾക്കും ഇന്ത്യക്കും മികച്ച പ്രകടനം തുടരാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.