ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചിച്ച് എ കെ ആൻ്റണി

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം വലിയ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ഹൃദയ ബന്ധമുള്ള ഒരു അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. ആര്യാടന്‍റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. തീവ്രവാദം എവിടെ തല പൊക്കിയാലും, മുഖം നോക്കാതെ അദ്ദേഹം അഭിപ്രായം പറഞ്ഞു. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയെ എതിർത്തു. ജയ പരാജയമോ ഭാവിയോ നോക്കാതെ അദ്ദേഹം ധൈര്യത്തോടെ അഭിപ്രായം പറഞ്ഞു. കോൺഗ്രസിന് വേണ്ടി മരിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. തൊഴിലാളി വർഗത്തിനുവേണ്ടി പോരാടിയ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. മികച്ച തൊഴിൽ – വൈദ്യുതി മന്ത്രിയായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു.

കോൺഗ്രസ് വികാരം നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ച തികഞ്ഞ മതേതരവാദിയായിരുന്ന നേതാവായിരുന്നു അദ്ദേഹം. ആര്യാടനെ മറ്റ് നേതാക്കളിൽ നിന്ന് വേറിട്ടു നിർത്തിയത് അദ്ദേഹത്തിന്‍റെ അഗാധമായ അറിവും തന്‍റെ രാഷ്ട്രീയ നിലപാട് ആർക്കും മുന്നിൽ പ്രകടിപ്പിക്കാനുള്ള ധൈര്യവുമാണ്. കോൺഗ്രസിന്‍റെ പാരമ്പര്യവും മഹത്വവും ആദർശങ്ങളും ആർക്കും അടിയറവ് വയ്ക്കരുതെന്ന് വിളിച്ചു പറഞ്ഞ നേതാവ്. സാധാരണക്കാരുടെ നേതാവായി വളർന്ന, യുവജന- വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായ നേതാവാണ് ആര്യാടൻ. നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്ന് എട്ട് തവണ നിയമസഭയിലേക്ക് അദ്ദേഹത്തെ അയച്ചത് ജനങ്ങൾ നൽകിയ അംഗീകാരമാണ്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി എല്ലായ്പ്പോഴും നിലകൊണ്ട ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.