കമ്പനികള്‍ക്ക് ഭീഷണിയായി ഓസ്‌ട്രേലിയയില്‍ പുതിയ നിയമം വരുന്നു
ഓസ്ട്രേലിയ: സ്വകാര്യതാ ലംഘനങ്ങൾക്കും വിവര ലംഘനങ്ങൾക്കുമുള്ള പിഴ വർദ്ധിപ്പിക്കാൻ ഓസ്ട്രേലിയൻ സർക്കാർ നിയമം ആസൂത്രണം ചെയ്യുന്നു. നിലവിൽ ചുമത്തുന്ന പരമാവധി പിഴയേക്കാൾ ഉയർന്ന തുകയാണ് പുതിയ നിയമം നിർദ്ദേശിക്കുന്നത്. പുതിയ നിയമം രാജ്യത്തെ എല്ലാ ഐടി, ടെക്നോളജി കമ്പനികൾക്കും കടുത്ത വെല്ലുവിളി ഉയർത്തും.
പുതിയ ബിൽ അനുസരിച്ച്, ഗുരുതരമായതും ആവർത്തിച്ചുള്ളതുമായ സ്വകാര്യതാ ലംഘനങ്ങൾ പരമാവധി 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ (263 കോടിയിലധികം രൂപ) അല്ലെങ്കിൽ ഡാറ്റാ ലംഘനത്തിലൂടെ നേടിയ സാമ്പത്തിക നേട്ടത്തിന്‍റെ മൂന്നിരട്ടിയോ അല്ലെങ്കിൽ കമ്പനിയുടെ വാർഷിക വരുമാനത്തിന്‍റെ 30 ശതമാനമോ പിഴയായി കണക്കാക്കും. നിലവിൽ 22.2 ലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് പിഴ.
കമ്പനികൾ ശേഖരിക്കുന്ന ഡാറ്റ കൈകാര്യം ചെയ്യുന്നത് നിയന്ത്രിക്കാനും കൂടുതൽ ശിക്ഷകള്‍ നൽകി നല്ല പെരുമാറ്റം ഉറപ്പാക്കാനും ഓസ്ട്രേലിയയ്ക്ക് മികച്ച നിയമങ്ങൾ ആവശ്യമാണെന്ന് അറ്റോർണി ജനറൽ മാർക്ക് ഡ്രെയ്ഫസ് പ്രസ്താവനയിൽ പറഞ്ഞു.