അവിശ്വസനീയ ഇന്നിം​ഗ്സിനൊപ്പം കോഹ്ലിക്ക് പുതിയ റെക്കോർഡും

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സിന്‍റെ ആവേശത്തിലാണ് ആരാധകർ. അർധസെഞ്ചുറി നേടിയ കോഹ്ലി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി.

കോഹ്ലിയുടെ മാന്ത്രിക ഇന്നിംഗ്സിന് ഇതിനകം തന്നെ ധാരാളം പ്രശംസകൾ ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കോഹ്ലിയുടെ പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ്. എന്നാൽ ഈ ഉജ്ജ്വല ഇന്നിംഗ്സ് കളിക്കുന്ന സമയത്ത് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും കോഹ്ലി മറികടന്നു.

ഐസിസി ടൂർണമെന്‍റുകളിൽ ഏറ്റവുമധികം തവണ 50ലധികം റൺസ് നേടിയ താരമായി കോഹ്ലി മാറി. പാകിസ്ഥാനെതിരെ പുറത്താകാതെ 82 റൺസ് നേടിയ കോഹ്ലി 24-ാം തവണയാണ് ഐസിസി ടൂർണമെന്‍റുകളിൽ 50ലധികം റൺസ് നേടുന്നത്. 22 അർധസെഞ്ച്വറികളും രണ്ട് സെഞ്ച്വറികളുമാണ് കോഹ്ലിയുടെ പേരിലുള്ളത്. ഐസിസി ടൂർണമെന്‍റുകളിൽ 16 അർധസെഞ്ച്വറിയും ഏഴ് സെഞ്ച്വറിയുമടക്കം 23 തവണയാണ് സച്ചിൻ 50ൽ അധികം റൺസ് നേടിയത്.