പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: ചെക്പോയിന്റിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. പരിസരത്തുണ്ടായിരുന്ന നിരവധി പേർക്കും മറ്റ് വാഹനങ്ങൾക്കും പരിക്കേറ്റു. പൊട്ടിത്തെറിച്ച കാറിൽ ഒരു സ്ത്രീയും പുരുഷനും ഉണ്ടായിരുന്നുവെന്ന് ഇസ്ലാമാബാദ് ഓപ്പറേഷൻസ് പോലീസ് മേധാവി സൊഹെയ്ല്‍ സഫർ പറഞ്ഞു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 10.15 ഓടെയാണ് സ്ഫോടനം നടന്നത്.
ഇയാളെ കാറിൽ നിന്ന് ഇറക്കി പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ നാല് പോലീസുകാരും ഉൾപ്പെടുന്നു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തു. പാക് തലസ്ഥാന നഗരിയിലെ ഒരു പ്രധാന കേന്ദ്രത്തെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്ന് ആഭ്യന്തര മന്ത്രി റാണ സനാവുല്ല പറഞ്ഞു.
പോലീസ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ഈ റോഡ് പാർലമെന്‍റ് ഉൾപ്പെടെയുള്ള പ്രധാന സർക്കാർ കെട്ടിടങ്ങളിലേക്ക് നയിക്കുന്നു. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) ഭീകരർ ഇസ്ലാമാബാദിൽ ആക്രമണം നടത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് പൊലീസ് പരിശോധന കർശനമാക്കിയത്.