ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിയുടെ ശുഭസൂചന; ശ്രീശങ്കറിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിൽ പുരുഷൻമാരുടെ ലോങ് ജമ്പിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീശങ്കറിന്‍റെ പ്രകടനം ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിയുടെ ശുഭസൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

“കോമണ്‍വെല്‍ത്ത് ഗെയിംസിലെ എം. ശ്രീശങ്കറിന്റെ വെള്ളി മെഡല്‍ ഏറെ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ഭാവിക്ക് ശുഭസൂചകമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. വരുംകാലങ്ങളിലും അദ്ദേഹം മികവ് പുലര്‍ത്തട്ടെ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വ്യാഴാഴ്ച നടന്ന ഫൈനലിൽ 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ ബര്‍മിങ്ങാമില്‍ രാജ്യത്തിന് അഭിമാനമായത്. സ്വർണ്ണ മെഡൽ നേടിയ ബഹമാസിന്‍റെ ലഖ്വൻ നയ്‌രന്‍ അതേ ദൂരം ചാടിയത് എങ്കിലും, ചാടുമ്പോൾ കാറ്റിന്‍റെ ശക്തി കുറഞ്ഞതാണ് നയ്രനെ സ്വർണ്ണ മെഡൽ നേടാൻ സഹായിച്ചത്. 1978 ൽ കാനഡയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ സുരേഷ് ബാബുവിന് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ശ്രീശങ്കർ.