ഗവര്‍ണര്‍ക്കെതിരെ പോസ്റ്റ്; പിന്നാലെ പിന്‍വലിച്ച് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മന്ത്രിമാരെ ഭീഷണിപ്പെടുത്തിയുള്ള ട്വീറ്റിനെ വിമർശിച്ച് ഫേസ്ബുക്കിലെഴുതിയ മറുപടി പിൻവലിച്ച് മന്ത്രി എം.ബി രാജേഷ്. വിമർശനം ഒരു പദവിയുടെയും അന്തസ്സിനെ ദുർബലപ്പെടുത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശിക്കപ്പെടാത്തവരല്ലെന്നും രാജേഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എന്നാൽ മിനിറ്റുകൾക്കകം അദ്ദേഹം പോസ്റ്റ് പിൻവലിച്ചു.

ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ അന്തസ്സിനെ അവഹേളിക്കുന്ന എന്തെങ്കിലും പ്രസ്താവനകൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നായിരുന്നു ഗവർണർ മുന്നറിയിപ്പ് നൽകിയത്.

എം ബി രാജേഷ് പോസ്റ്റ് പിൻവലിച്ചതിന് പിന്നാലെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.