ദേശീയപാതയിലെ കുഴി ; പരാതിപ്പെടാന്‍ ആപ്പും വെബ്‌സൈറ്റും വരുന്നു
ന്യൂഡൽഹി: ഓരോ വർഷവും ശരാശരി 2,300 പേർക്കാണ് റോഡിലെ കുഴികൾ മൂലമുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് രാജ്യത്ത് ജീവൻ നഷ്ടപ്പെടുന്നതെന്ന് കേന്ദ്ര സർക്കാർ. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 ലെ കണക്കുകൾ കേന്ദ്ര സർക്കാർ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
അതേസമയം, ദേശീയപാതയിലെ കുഴികളെക്കുറിച്ചും ശോചനീയാവസ്ഥകളെക്കുറിച്ചും അധികൃതരെ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സംവിധാനവും ഉടൻ ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കാൻ സമയപരിധി നിശ്ചയിക്കും. ഇതിൽ വീഴ്ച വരുത്തിയാൽ പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ ചുമത്താൻ വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.