കൊടും വരൾച്ചയിൽ വറ്റിയ നദിയിൽ നിന്ന് പുറത്ത് വന്നത് ഉഗ്രശേഷിയുള്ള ബോംബ്
ഇറ്റലി: കടുത്ത വരൾച്ചയിൽ വറ്റിയ ഒരു ഇറ്റാലിയൻ നദിയിൽ നിന്ന് പുറത്തുവന്നത് രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടിത്തെറിക്കാത്ത ഒരു ബോംബ്. 450 കിലോ ഭാരമുള്ള ബോംബ് മത്സ്യത്തൊഴിലാളികളാണ് പോ നദിയുടെ തീരത്ത് കണ്ടെത്തിയത്. കഴിഞ്ഞ 70 വർഷത്തിനിടെ ഇറ്റലിയിലുണ്ടായ ഏറ്റവും വലിയ വരൾച്ചയാണിത്. ഈ വരൾച്ചയിൽ 650 കിലോമീറ്റർ നീളമുള്ള നദിയുടെ വലിയൊരു ഭാഗം വറ്റിവരണ്ടു.
ഇറ്റലി ഇപ്പോൾ വലിയ ചൂടാണ് നേരിടുന്നത്. മഴയും കുറഞ്ഞതോടെ ഇറ്റലിയിൽ ജലക്ഷാമം വർധിച്ചു. ഇതോടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയും വർധിച്ചു.
ജൂലൈയിൽ ബോർഗോ വിർജിലിയോയിലെ ലൊംബാർഡി ഗ്രാമത്തിന് സമീപമാണ് ബോംബ് കണ്ടെത്തിയത്. നിയന്ത്രിത സ്ഫോടനം നടത്തുന്നതിനായി ബോംബ് നിർവീര്യമാക്കൽ വിദഗ്ധർ 3,000 ത്തോളം സമീപവാസികളെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. “ആദ്യം, ചില പ്രദേശവാസികൾ തങ്ങൾ മാറില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എല്ലാവരെയും ഒഴിപ്പിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു,” പ്രദേശത്തിന്‍റെ മേയർ ഫ്രാൻസെസ്കോ അപോരി പറഞ്ഞു.