മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന് ആവശ്യം മാതാപിതാക്കളുടെ നെഞ്ചിലെ ചൂട്

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിന് സ്പർശനവും പരിചരണവും ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇൻക്യുബേറ്റർ മാർഗരേഖ പരിഷ്കരിച്ചു. 37 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന രണ്ടര കിലോഗ്രാമിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഇൻക്യുബേറ്റർ സംവിധാനങ്ങളിൽ സൂക്ഷിക്കുന്നതിന് പകരം മാതാവിന്റെയോ പിതാവിന്‍റെയോ നെഞ്ചിലെ ചൂട് (കാങ്ക്‌രൂ കെയർ) നൽകുന്നതാണ് നല്ലതെന്ന് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നു.

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് കൊഴുപ്പ് കുറവായതിനാൽ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ശ്വസനത്തിന് പലപ്പോഴും വൈദ്യസഹായം ആവശ്യമാണ്. കാങ്ക്‌രൂ കെയർ കുഞ്ഞിന് ചൂട് കൂടാനും സ്വാഭാവിക വളർച്ച നേടാനും സഹായിക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു. ഇത്തരം പ്രായോഗികവും ചെലവ് കുറഞ്ഞതുമായ പരിചരണം കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ ഭാവി പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.