വഴിതെറ്റി ഫ്രാന്‍സിലെ നദിയിലെത്തി അപൂർവമായ ബെലൂഗ തിമിംഗലം
ഫ്രാൻസ്: ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമായി കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന ഇവയിലൊന്ന് ഫ്രാൻസിലേക്ക് വഴിതെറ്റിയെത്തിയിരിക്കുകയാണ്. ഫ്രാൻസിലെ സീന്‍ നദിയിലാണ് ഇതിനെ കണ്ടെത്തിയത്. തണുത്ത കാലാവസ്ഥയിൽ മാത്രം ജീവിക്കാൻ കഴിയുന്ന ബെലുഗ തിമിംഗലം ഫ്രാൻസിലെ നദിയിൽ എങ്ങനെ എത്തി എന്നത് ഗവേഷകരെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യമാണ്. അതേസമയം, തിമിംഗലത്തിന് ഇവിടെ നിന്ന് സുരക്ഷിതമായി മടങ്ങാൻ കഴിയുമോ എന്ന ആശങ്കയും ഗവേഷകർക്കുണ്ട്.
ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ ബെലുഗ തിമിംഗലത്തിന്‍റെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമാണ്. സീന്‍ നദിയില്‍ കണ്ടെത്തിയ തിമിംഗലം സാധാരണ ബെലൂഗ തിമിംഗലങ്ങളേക്കാളും ശരീരം ക്ഷിണിച്ച്, തൂക്കം കുറഞ്ഞ അവസ്ഥയിലാണ്. ഓഗസ്റ്റ് രണ്ടിനാണ് തിമിംഗലത്തെ ഈ പ്രദേശത്ത് ആദ്യമായി കണ്ടത്. ഇംഗ്ലീഷ് ചാനൽ കടൽ മേഖല മുതൽ പാരീസ് വരെയുള്ള സീൻ നദിയുടെ മേഖലയിലാണ് തിമിംഗലം ഇപ്പോൾ സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ പാരീസിൽ നിന്ന് 70 കിലോമീറ്റർ അകലെയാണിത്.